രേണുകസ്വാമി വധക്കേസിൽ കന്നഡ നടൻ ദർശന്റെ സഹായിയായ പ്രദോഷ് സമർപ്പിച്ച മാപ്പപേക്ഷയിലൂടെ കേസ് നിർണായക വഴിത്തിരിവിലെത്തിയിരിക്കുന്നു. നടൻ ദർശൻ തന്നെയാണ് രേണുകസ്വാമിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും പ്രദോഷിന്റെ മൊഴിയിൽ പറയുന്നു. കാമുകി പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് രേണുകസ്വാമിയെ പട്ടണഗരെയിലെ ഷെഡിൽ വെച്ച് ദർശൻ നേരിട്ട് ക്രൂരമായി മർദിച്ചെന്നും, തുടർന്ന് പവിത്ര ഗൗഡയോടും മറ്റ് പ്രതികളോടും ചേർന്ന് രേണുകസ്വാമിയെ വധിക്കുകയായിരുന്നുവെന്നും മൊഴി വിശദീകരിക്കുന്നു. മരണം സംഭവിച്ച ശേഷം കേസ് വഴിതിരിച്ചുവിടാൻ സാമ്പത്തിക തർക്കത്തിനിടയിൽ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതായും, മൃതദേഹം ഡ്രെയിനേജിൽ തള്ളിയതായും ഹർജിയിലുണ്ട്. നടനും മറ്റ് പ്രതികളിൽ നിന്നും വധഭീഷണിയുള്ളതിനാൽ സംരക്ഷണം നൽകണമെന്നും പ്രദോഷ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹർജികളിൽ കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്.